സംസ്ഥാനത്താകെ ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിൽ കടപുഴകി വീണത് 13 മന്ത്രിമാരാണ്. സിറ്റിങ് സീറ്റുകളിൽ ഉറച്ച വിജയപ്രതീക്ഷ പുലർത്തിയിരുന്ന മന്ത്രിമാരാണ് യുഡിഎഫ് തരംഗത്തിൽ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയത്. പത്തനാപുരത്തെ കെ.ബി ഗണേഷ് കുമാറിന്‍റെ തോൽവിയാണ് എൽഡിഎഫ് ക്യാമ്പിനെ ഏറ്റവും കൂടുതൽ ഞെട്ടിച്ചത്. 2001 മുതൽ 25 വർഷക്കാലം എംഎൽഎയായിരുന്ന ഗണേഷ് കുമാറിന് അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടത്. കോൺഗ്രസിന്റെ ജ്യോതികുമാർ ചാമക്കാലയാണ് ഗണേഷ് കുമാറിനെ തറ പറ്റിച്ചത്. നേമത്ത് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും ചടയമംഗലത്ത് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയും പരാജയപ്പെട്ടു. ആറന്മുളയിൽ ആരോഗ്യ മന്ത്രി വീണാ ജോർജിനെ തോൽപ്പിച്ചത് കോൺഗ്രസിന്‍റെ അബിൻ വർക്കിയാണ്. വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തിൽ പോലും മുന്നിലെത്താൻ വീണയ്ക്ക് കഴിഞ്ഞിരുന്നില്ല. ഏറ്റുമാനൂരിൽ വി.എൻ വാസവൻ, ഇടുക്കിയിൽ റോഷി അഗസ്റ്റിൻ, കളമശ്ശേരിയിൽ പി. രാജീവ്, ഇരിങ്ങാലക്കുടയിൽ ആർ.ബിന്ദു എന്നിവരാണ് തോറ്റ മറ്റ് മന്ത്രിമാർ. തിരൂരിൽ കായിക മന്ത്രി വി.അബ്ദുറഹിമാനും പരാജയമേറ്റു വാങ്ങി. എലത്തൂരിൽ എ.കെ ശശീന്ദ്രനും മാനന്തവാടിയിൽ ഒ.ആർ കേളുവും കണ്ണൂരിൽ കടന്നപ്പള്ളി രാമചന്ദ്രനും തോറ്റു.
