വിദ്യാർത്ഥികളുടെ സുരക്ഷ അപകടത്തിലാക്കി സ്കൂൾ മുറ്റത്തുകൂടി റോഡ്; വഖഫ് ബോർഡ് ഉത്തരവും വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദ്ദേശവും കാറ്റിൽപ്പറത്തി കയ്യേറ്റശ്രമമെന്ന് നാട്ടുകാർ.
കൊടുങ്ങല്ലൂർ: ഊമൻകുളത്ത് വഖഫ് ഭൂമി കയ്യേറാനുള്ള ശ്രമവും മഹല്ല് അംഗങ്ങൾക്ക് നേരെയുണ്ടായ അക്രമവും പ്രദേശത്ത് വലിയ സംഘർഷാവസ്ഥ സൃഷ്ടിക്കുന്നു. ഊമൻകുളം ജുമാഅത്ത് പള്ളി പറമ്പിലൂടെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് അനധികൃതമായി റോഡ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പരസ്യമായ അക്രമത്തിൽ കലാശിച്ചത്.
പള്ളി യോഗത്തിൽ ഗുണ്ടാ ആക്രമണം; യുവാക്കളെ മർദ്ദിച്ചു
ഊമൻകുളം ജുമാഅത്ത് പള്ളി പറമ്പിലൂടെ കുഴിക്കണ്ടത്തിൽ നസീറിന്‍റെ സ്വകാര്യ ഭൂമിയിലേക്ക് അനധികൃതമായി റോഡ് നിർമ്മിക്കുന്നതിനെ പള്ളി യോഗത്തിൽ ഒരു കൂട്ടം യുവാക്കൾ എതിർത്തിരുന്നു. ഇതിൽ പ്രകോപിതനായ നസീറിന്‍റെ നേതൃത്വത്തിൽ പുറത്തു നിന്നെത്തിയ ഗുണ്ടാസംഘം യോഗസ്ഥലത്തേക്ക് ഇരച്ചു കയറുകയും യുവാക്കളെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. പണവും സ്വാധീനവും ഉപയോഗിച്ച് മഹല്ലിന്‍റെ സ്വത്ത് കൈക്കലാക്കാനുള്ള നീക്കത്തിന് തടസ്സം നിൽക്കുന്നവരെ കായികമായി നേരിടാനാണ് ഇവർ ശ്രമിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ പോലീസിന്‍റെ ഭാഗത്തു നിന്നും നീതിപൂർവമായ നടപടിയല്ല ഉണ്ടാകുന്നതെന്ന് ജനകീയ പ്രതിഷേധ യോഗം കുറ്റപ്പെടുത്തി. ഗുണ്ടാസംഘത്തിന്‍റെ അക്രമത്തിന് ഇരയായവർ നൽകിയ പരാതി സ്വീകരിക്കാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. എന്നാൽ, അക്രമികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിഷേധിച്ച യുവാക്കൾക്കെതിരെ പോലീസ് കള്ളക്കേസ് എടുത്തതായും ആക്ഷേപമുണ്ട്. പോലീസിന്‍റെ ഈ പക്ഷപാതപരമായ നിലപാടിനെതിരെ പ്രദേശത്ത് ജനാരോഷം പുകയുകയാണ്.
വഖഫ് ബോർഡ് ഉത്തരവ് ലംഘിക്കപ്പെട്ടു
പള്ളിപ്പറമ്പിലെ വഖഫ് ഭൂമി മതിൽ കെട്ടി സംരക്ഷിക്കണമെന്ന് കേരള സംസ്ഥാന വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ 2025 ഏപ്രിൽ 23-ന് പുറപ്പെടുവിച്ച ഉത്തരവിൽ (No: A9-9135/2024/TSR) വ്യക്തമായി നിർദ്ദേശിച്ചിട്ടുണ്ട്. ഈ ഉത്തരവ് നിലനിൽക്കെയാണ് പള്ളി കമ്മിറ്റിയിലെ ചിലരുടെ സാമ്പത്തിക താൽപ്പര്യങ്ങൾക്കായി റോഡ് നിർമ്മാണത്തിന് അനുമതി നൽകുന്നതെന്ന ആക്ഷേപം ശക്തമാണ്.

കുട്ടികളുടെ സുരക്ഷ ഭീഷണിയിൽ
സ്കൂൾ കോമ്പൗണ്ടിലൂടെയുള്ള റോഡ് നിർമ്മാണം വിദ്യാർത്ഥികളുടെ സുരക്ഷയെ ബാധിക്കുമെന്ന് തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ (DDE) നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സ്കൂൾ കെട്ടിടത്തിനും പാചകപ്പുരയ്ക്കും ഇടയിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത് അപകടമുണ്ടാക്കുമെന്ന് 2026 മാർച്ച് 4-ലെ റിപ്പോർട്ടിൽ (No: DDETSR/7209/2025-H2) ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ജനകീയ പ്രതിഷേധം
സംഭവത്തിൽ പ്രതിഷേധിച്ച് ഊമൻകുളം സെന്‍റെറിൽ നടന്ന പ്രതിഷേധ യോഗത്തിൽ സ്ത്രീകളടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ഷമീർ വൈപ്പിപ്പാടത്ത് അധ്യക്ഷത വഹിച്ചു. ഷാജി കാട്ടകത്ത് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. ഷഹീൻ മാണിക്കുന്നത്ത് സ്വാഗതം പറഞ്ഞു. ഷാജഹാൻ കക്കുന്നിൽ, മൊയ്തീൻഷാ വലിയകത്ത് എന്നിവർ സംസാരിച്ചു. അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നത് വരെ സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.
