
ഊമൻകുളം: പള്ളി കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. പൊതുയോഗത്തിനിടെ യുവാക്കളെ മർദ്ദിച്ച സംഘം, ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയതായും പരാതി. താനത്ത് പറമ്പിൽ മുഹമ്മദ് അലിയുടെ മകൻ റിയാസ്, ദിൽഷാദ്, റാഫി, നിഷാജ് എന്നിവർക്കാണ് മർദ്ദനമേറ്റത്. പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനായി ചേർന്ന പൊതുയോഗത്തിനിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കുഴിക്കണ്ടത്തിൽ നസീറിന്‍റെയും, മകൻ ഫർസാൻ, കണ്ണെഴുത്ത് അഡ്വ. അബ്ദുൾ ഖാദർ, കണ്ണെഴുത്ത് ഹംസ, തേപറമ്പിൽ ഹർഷാദ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം റിയാസിനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ റിയാസിനെയും, മറ്റുള്ളവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അക്രമിസംഘം അവിടെയും വിട്ടില്ല. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന റിയാസിനെ പിന്തുടർന്നെത്തിയ നസീറും സംഘവും വാർഡിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി. പരാതിയുമായി മുന്നോട്ട് പോയാൽ വകവരുത്തുമെന്ന തരത്തിലുള്ള ഭീഷണിയാണ് ആശുപത്രിയിൽ വെച്ചുണ്ടായതെന്ന് റിയാസിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. തലേ ദിവസം കുഴിക്കണ്ടത്തിൽ നസീർ റിയാസിനെ ആക്രമിക്കാൻ ശ്രമിച്ചതായും ബന്ധുക്കൾ ആരോപിച്ചു.
